
ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഡൽഹിയെ തകർത്താണ് ഗോവയുടെ വിജയം. ആദ്യ പകുതിയിൽ മുന്നിട്ടു നിന്ന ഡൽഹി അവസരങ്ങൾ തുലച്ചാണ് പരാജയപ്പെട്ടത്. ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കാനുള്ള അവസരമാണ് ഡൽഹി തുലച്ചത്.
കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ഡെൽഹി ഡൈനാമോസ് ലീഡ് എടുത്തു. മധ്യനിര താരം ബിക്രംജിത് സിംഗാണ് ഡൽഹിക്ക് വേണ്ടി ഗോളടിച്ചത്. കാർമോണയുടെ പാസിൽ നിന്നായിരുന്നു ബിക്രംജിതിന്റെ ഗോൾ. ആദ്യ പകുതിയിൽ നിരവധി അവസരങ്ങളാണ് ഡൽഹിക്ക് ലഭിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ എഡു ബേഡിയയിലൂടെ ഗോവ സമനില പിടിച്ചു. 70ആം മിനുട്ടിൽ വീണ്ടും ലീഡ് എടുക്കാൻ ഡെൽഹിക്കായി. ചാങ്തെ ആണ് ഡെൽഹിയുടെ രണ്ടാം ഗോൾ നേടിയത്. 82ആം മിനുട്ടിൽ ബ്രാണ്ടന്റെ ഒരു ലോംഗ് റേഞ്ചറിൽ ഗോവയ്ക്ക് വീണ്ടും സമനില നൽകി. മത്സരത്തിന്റെ അവസാനം എഡു ബേഡിയ വീണ്ടും അവതരിച്ചപ്പോൾ വിജയം എഫ്‌സി ഗോവയ്‌ക്കൊപ്പമായി.