
ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്. കപ്പടിക്കണം കലിപ്പടക്കണം എന്ന് പറഞ്ഞിരുന്ന മഞ്ഞപ്പട ഇപ്പോൾ ഒന്ന് ജയിക്കാൻ പ്രാർത്ഥിക്കുകയാണ്. കഴിഞ്ഞ സീസണുകളുടെ കടങ്ങൾ പെരുകി വരുകയാണ്. ഈ സീസണിലേത് തീർത്തിട്ട് പോരെ ചേട്ടാ അടുത്ത സീസണിലേതെന്നു മറ്റു ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ ചോദിക്കുന്നു.
ജയമില്ലാത്ത കേരള ബ്ലാസ്റ്റേഴ്സിനെ ആരാധകരും കൈവിടുന്നുവോ എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. എന്നാൽ ഉത്തരം ഇല്ലെന്നു തന്നെ പറയാം. ചങ്ക് പറിച്ചു കൊടുത്തു കൂടെ നിൽക്കുന്നവരാണ് മലയാളികളുടെ അഭിമാനമായ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട. എന്നാൽ തുടർച്ചയായ പരാജയങ്ങളും കളിക്കളത്തിലെ മോശം പ്രകടനങ്ങളും മഞ്ഞപ്പടയുടെ ക്ഷമയെയും പരീക്ഷിച്ചു കഴിഞ്ഞു.
എങ്കിലും ഇനിയുമൊന്നു ജയിക്കാൻ ഒരവസരം ബ്ലാസ്റ്റേഴ്സിന് കൊടുത്തു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ വെറും 2 മത്സരം മാത്രം ജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കൊച്ചിയിൽ ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടുപോലുമില്ല. പ്ലേ ഓഫ് സ്വപ്നങ്ങൾ ഇനിയും മാറ്റിവെക്കാനായിട്ടില്ലെന്നത് മാത്രമാണ് ആശ്വാസം.