
കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങൾ കണ്ടു വിഷമിച്ചിരിക്കുന്ന ഈ അവസരത്തിൽ മഞ്ഞപ്പട ആരാധകർക്കിടയിൽ ഒരു വോട്ടിംഗ് നടത്തുകയുണ്ടായി. അടുത്ത ഹോം മാച്ചിൽ നമ്മൾ കളി കാണാൻ പോകണമോ വേണ്ടയോ എന്നതായിരുന്നു ചോദ്യം. ഞങ്ങൾ പ്രതീഷിച്ചതിനെക്കാളേറെ പ്രതികരണങ്ങൾ ആരാധകരുടെ ഭാഗത്തു നിന്ന് ലഭിക്കുകയുണ്ടായി. മാനേജ്മെന്റിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ ഒരു താക്കീതായി വേണം ഇതിനെ കാണാൻ.
ടീമിനുള്ളിലെ പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിച്ചു മുന്നോട്ടു പോകാൻ നിങ്ങൾക്കായില്ലെങ്കിൽ വരും നാളുകളിൽ ഒഴിഞ്ഞ ഗാലറികളായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. ഓരോ മത്സരങ്ങൾ കഴിയുന്തോറും ടീമിനെ കുറിച്ചുള്ള മതിപ്പു പതിയെ പതിയെ ആരാധകർക്ക് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം തിങ്ങി നിറഞ്ഞു കാണികൾ വരുന്നത് നല്ല മത്സരങ്ങൾ കാണാനുള്ള അവരുടെ അടങ്ങാത്ത ആവേശം ഒന്നു കൊണ്ട് മാത്രമാണ്. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് ഈ ശക്തമായ ആരാധക കൂട്ടായ്മയെ മുതലെടുത്തുകൊണ്ടു മാനേജ്മെന്റിന്റേതായ കാര്യങ്ങൾ നടത്തുക മാത്രമാണ്.
ഫുട്ബോൾ എന്ന മന്ത്രികതയോടുള്ള സ്നേഹവും അടങ്ങാത്ത ആവേശവും ഒക്കെയാണ് ഈ ആരാധകരെ ഒന്നിച്ചു നിർത്തുന്നത്. ഇപ്പോഴുള്ള രീതി തുടരാൻ തന്നെയാണ് തീരുമാനം എങ്കിൽ ടീമിന്റെ ജയത്തിലും തോൽവിയിലും ‘നമ്മൾക്ക് നമ്മളുണ്ട് ‘ എന്ന ആപ്തവാക്യത്തിൽ ഉറച്ചു നിന്ന അതെ ഫാൻസ് തന്നെ ടീമിനെ തിരിഞ്ഞു നോക്കാത്ത അവസ്ഥ അധികം വൈകാതെ സംജാതമാകും.ഒഴിഞ്ഞ ഗാലറികൾ തന്നെ വേണം എന്നാണ് നിങ്ങളുടെ കാഴ്ചപ്പാടെങ്കിൽ അത് അധികം വൈകാതെ സംഭവിക്കും.
കോച്ചിന്റെ ലോങ്ങ് ബോൾ ടാക്ടിക്സ് കാണാൻ വേണ്ടിയല്ല ഞങ്ങൾ സ്റ്റേഡിയത്തിലേക്ക് വരുന്നത്. ഇതിനു മുകളിൽ ഒന്നും തന്നെ അദ്ദേഹത്തിന്റെ പക്കലില്ല എന്ന് ഇതുവരെയുള്ള കളികളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. ഈ സീസണിൽ കുറച്ചു നല്ല താരങ്ങളെ നമുക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ കഴിവുകൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി ഉണ്ടാകും എന്ന വിശ്വാസവും ഞങ്ങൾക്കില്ല. നിങ്ങൾ ചെയ്യേണ്ടത് എത്രയും വേഗം ചെയ്താൽ അത്രയും നല്ലത്. ഇല്ലെങ്കിൽ ഒഴിഞ്ഞ ഗാലറികളിൽ കളിക്കേണ്ട ഗതികേട് അടുത്ത് തന്നെ സംഭവിക്കും.
ക്ലബിനിനോടുള്ള അടങ്ങാത്ത സ്നേഹത്തോടെ,
മഞ്ഞപ്പട