മഞ്ഞപ്പടയെ ക്രൂശിക്കണമോ? വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

കേരള ഫുട്ബോളിനെ പിടിച്ച് കുലുക്കിയ നാളുകൾ ആയിരുന്നു ഇപ്പോൾ കടന്നു പോയത്. വിവാദങ്ങൾ ഒന്ന് കെട്ടടങ്ങിയെങ്കിലും മഞ്ഞപ്പട വിവാദം ഇപ്പോളും ചർച്ചയാകുന്നുണ്ട്. മഞ്ഞപ്പട വിവാദത്തിന്റെ ശേഷം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌ ഒരു യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

എഴുത്തുകാരനായ സിജിന്‍ ബി ടി സ്‌പോര്‍ട്‌സ് ഗവേഷകനും, സ്്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്പോർട്ട്സ് എഞ്ചനീയറിംഗ് ഗവേഷണ പരിശീലന സ്ഥാപനമായ സ്‌പോര്‍ട്‌സ് & മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനും, ആരാധക ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ക്ലബുകള്‍ എന്ന ആശയത്തിന്റെ പ്രചാരകനുമാണ്. പോസ്റ്റ് വായിക്കാം.

” പ്രമുഖ മലയാളി ഫുട്‌ബോള്‍ കളിക്കാരായ സി കെ വിനീതിന്റേയും, മുഹമ്മദ് റാഫിയുടേയും കഴിഞ്ഞ ദിവസങ്ങളിലെ തുറന്നു പറച്ചിലുകള്‍ ശ്രദ്ധിച്ചു. സഹതാപം തോന്നി, മഞ്ഞപ്പടക്കാരോടല്ല, കളിക്കാരോട്. കാരണം എന്നും കളിക്കാര്‍ ആരാധകരുടെ ആരാധനയ്ക്കു മാത്രമല്ല രോക്ഷത്തിനും പാത്രമാവാറുണ്ട് എന്ന യാഥാര്‍ത്ഥ്യം അവര്‍ മറന്നു പോയതുകൊണ്ട്. പണ്ടുകാലങ്ങളില്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ മാത്രമാണ് രോക്ഷം കാണിച്ചിരുന്നതെങ്കില്‍ ഇന്ന് അത് സോഷ്യല്‍ മീഡിയയിലൂടെയും നടത്തുന്നുവെന്നുമാത്രം.

തന്നെ ആരാധിക്കുകയും, വെറുക്കുകയും ചെയ്യുന്ന കാണികളെ ഒരേ പോലെ കൈകാര്യം ചെയ്യുക എന്നത് പ്രൊഫഷണല്‍ കളിക്കാരെ സംബന്ധിച്ചിടത്തോളം പ്രധാന ഉത്തരവാദിത്വമാണ്. കൂക്കിവിളികളേയും, വിമര്‍ശനങ്ങളേയും നേരിടാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനെ അതിജീവിക്കാന്‍ കളിക്കാരന്‍ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റിന്റെ സഹായം തേടണം. വിമര്‍ശകരെ ഫലപ്രദമായി നേരിടുന്നതിനുള്ള പദ്ധതികള്‍ സ്‌പോര്‍ട്‌സ് ഏജന്റുമായി ചേര്‍ന്ന് നടപ്പിലാക്കണം. അല്ലാതെ വിമര്‍ശകരെ പോലീസിനെ കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നത് അപക്വവും, കളിയുടെ ശോഭകളയുന്നതുമാകും.

ആരാധകരില്ലാതെ ഫുട്‌ബോളിന് നിലനില്‍പ്പില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കണം. കാരണം അവരാണ് കളിക്കാരന്റേയും, ക്ലബിന്റെയും യഥാര്‍ത്ഥ യജമാനന്മാര്‍. കേരള ഫുട്‌ബോളിന്റെ നഷ്ടപ്രതാപം വീണ്ടെടുന്നതില്‍ മഞ്ഞപ്പട എന്ന ആരാധകകൂട്ടായ്മയുടെ സംഭാവന കായികചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെടേണ്ടതാണ്. ഐ എസ് എല്ലിനും, കേരള ബ്ലാസ്‌റ്റേഴ്‌സിനും എല്ലാം മൂല്യം നല്‍കിയത് മഞ്ഞപ്പടയാണെന്ന് കായികഗവേഷകരെന്ന നിലയില്‍ ഞങ്ങള്‍ നിസംശയം പറയും.

ഐ എം വിജയനു ശേഷം സി കെ വിനീതെന്ന താരത്തെ സൃഷ്ടിച്ചതിലും അവരുടെ പങ്ക് ചെറുതല്ല. അവര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്കു വേണ്ടി കൈയ്യടിക്കും, എതിരാളികളെ കൂവും, ആക്ഷേപിക്കും, കഴിവിന്റെ പരമാവധി മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കും. അതാണ് ലോകമെമ്പാടുമുള്ള ആരാധകരുടെ മനശാസ്ത്രം. അതില്‍ സഭ്യതയുടെ അതിര്‍ത്തിവരമ്പുകള്‍ ലംഘിക്കുന്നവരുണ്ടാകും, പക്ഷെ അവരെ അവഗണിക്കുക എന്നതാണ് മികച്ച തന്ത്രം. അല്ലെങ്കില്‍ അവരുടെ ഭാഷയില്‍ തന്നെ പ്രതികരിക്കുക. അതുമല്ലെങ്കില്‍ വിമര്‍ശകരേയും ആരാധകരാക്കുന്ന തന്ത്രമെടുക്കുക. അല്ലാതെ അവരെ നിയമപരമായി നേരിടാന്‍ ശ്രമിക്കുന്നത് കൂടുതല്‍ എതിരാളികളെ സൃഷ്ടിക്കാനും, കളിക്കാരന്റെ ശ്രദ്ധ കളിയില്‍ നിന്നും മാറാനും മാത്രമേ ഉപകരിക്കൂ.

എല്ലാ ആരാധകരും സ്റ്റേഡിയത്തിലെത്തുന്നത് തങ്ങളുടെ ടീം ജയിക്കുന്ന കളികാണാനാണ്. സമനിലപോലും അവരെ തൃപ്തരാക്കില്ല. ആ സാഹചര്യത്തില്‍ കളികാണാനുള്ള ടിക്കറ്റിനു കൂടാതെ മഞ്ഞ ജേഴ്‌സിക്കും, ബാനറുകള്‍ക്കും, കൊടികള്‍ക്കുമെല്ലാം കാശുമുടക്കി കളികാണുന്ന മഞ്ഞപ്പടക്കാരന്റെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കുക. അവന്‍ മികച്ച കളി അര്‍ഹിക്കുന്നു. റാഫി പറഞ്ഞതു പോലെ ചീത്തവിളിച്ച ആരാധകര്‍ മികച്ച കളി വരുമ്പോള്‍ മാപ്പു പറയുകയോ, കൈയ്യടിക്കുകയോ ചെയ്യും. ആരാധകരും, ആര്‍പ്പു വിളികളും, കൂക്കുവിളികളുമില്ലാതെ ഫുട്‌ബോള്‍ കളികാണുന്നതും, കളിക്കുന്നതും എത്ര വിരസമാണ്. വിരസമായിരുന്ന ആ ഫുട്‌ബോള്‍ കാലത്തെ കടലിലെറിഞ്ഞ് കാണികളെ കളികാണാന്‍ കൊച്ചിയിലെത്തിച്ചതും, കളിക്കാരനെ സെലബ്രിറ്റിയാക്കിയതും മഞ്ഞപ്പടക്കാരാണ്.

അവരെ തിരസ്‌ക്കരിക്കുന്നത് കേരള ഫുട്‌ബോള്‍ ചരിത്രത്തെ തിരസ്‌ക്കരിക്കലാവും. പോര്‍ച്ചുഗീസ് ക്ലബായ എസ് എല്‍ ബെന്‍ഫിക്ക എതിര്‍ ടീമുകളെ മാനസികമായി തകര്‍ക്കാന്‍ ചെയ്തിരിക്കുന്ന പ്രധാന കാര്യം സന്ദര്‍ശക ടീമിന്റെ റൂം ബെന്‍ഫിക്കയുടെ കുപിതരായ ആരാധകരുടെ പടങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു എന്നതാണ്.

അതാണ് ആരാധകരുടെ ശക്തി. ആരാധകരുടെ ആര്‍പ്പുവിളികള്‍ പോലെ തന്നെ കൂക്കിവിളികളും ഒരു പ്രൊഫഷണല്‍ കളിക്കാരന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കാരണമാകണം. ഇത്രയും പറഞ്ഞെങ്കിലും കളിക്കാരേയും, കളിക്കാരുടെ കുടുംബാംഗങ്ങളേയും തെറിവിളിക്കുന്ന ആരാധകരെ ന്യായീകരിക്കാന്‍ നമുക്കാവില്ല. അവര്‍ സ്വയം നിയന്ത്രിക്കണം. ഷറപ്പോവയെ തെറിവിളിച്ച സച്ചിന്‍ ആരാധകരും, ഫെയ്‌സ്ബുക്കില്‍ തെറിയെഴുതിയ സംവിധായകനും, ആ സംവിധായകനെ ന്യായീകരിക്കാനിറങ്ങിയ സാഹിത്യകാരിയുമെല്ലാം തന്നെ മലയാള സമൂഹത്തിന്റെ ജീര്‍ണ്ണതകളാണ്. “

അത്തരക്കാരെ നമുക്കവഗണിക്കാം. കൂവിയും, കൈയ്യടിച്ചും കളിയേയും, കളിക്കാരനേയും പ്രോത്സാഹിപ്പിക്കുന്ന യഥാര്‍ത്ഥ ആരാധകര്‍ക്കായി നമുക്ക് ആത്മാര്‍ത്ഥമായി കളിക്കാം. വാല്‍കഷ്ണം- 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടിന്റു ലൂക്കാ ആറാമതായി ഫിനിഷു ചെയ്തപ്പോള്‍ കോച്ച് പി ടി ഉഷ പറഞ്ഞ കാരണമുണ്ട്. ടിന്റു ലൂക്കാ ഇതിനു മുമ്പ് അത്രയധികം ആള്‍ക്കൂട്ടത്തിനു മുന്നില്‍ മത്സരിച്ചിട്ടില്ലെന്നും, കാണികളുടെ ആര്‍പ്പുവിളികളും, കൈയ്യടികളും ടിന്റുവിന്റെ ഏകാഗ്രതയെ നശിപ്പിച്ചുവെന്നും. ഇത് അപക്വമായ വാദമാണ്. ഇന്ന് പ്രൊഫഷണല്‍ താരമാകുന്നതിനു മുമ്പ് ഓരോ കളിക്കാരനും നിര്‍ബന്ധമായും കാണികളുടെ മനശാസ്ത്രവും, കാണികളെ ആരാധകരാക്കുന്ന തന്ത്രങ്ങളും പഠിച്ചിരിക്കണം. അല്ലാതെ കാണികളില്ലാത്തിടത്തിരുന്ന് കളിക്കാനാണ് നിങ്ങള്‍ക്കു താത്പര്യമെങ്കില്‍, നിങ്ങള്‍ പ്രൊഫഷണല്‍ താരമാകുന്നതിനു യോഗ്യനല്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here