
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ പോരാട്ടം. കൊച്ചിയിൽ മഞ്ഞപ്പട ഏറ്റുമുട്ടുന്നത് കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്ത മഞ്ഞപ്പടയ്ക്ക് കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ ഒരു ജയം അനിവാര്യമാണ്.
മോശം പ്രകടനം കാരണം കാണികൾ കൈവിട്ട ബ്ലാസ്റ്റേഴ്സിന് മികച്ച പ്രകടനത്തിലൂടെയേ ആരാധകരെ തിരികെയെത്തിക്കാനാകു. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സീസണാണിത്. മറക്കാനാഗ്രഹിക്കുന്ന കുറെ ഓർമ്മകൾ എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകനും ഉണ്ടാകും. തുടർച്ചയായ പരാജയങ്ങളും സമനിലകളും ബ്ലാസ്റ്റേഴ്സിന്റെ ആവേശം ചോർത്തി.
നിലവിൽ 14 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ എല്ലാ തെറ്റുകൾക്കും പ്രായശ്ചിത്തം ചെയ്യാനുള്ള സുവർണാവസരമാണ് ഇന്നത്തെ മത്സരത്തിലൂടെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരിക്കുന്നത്. നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തി വെടിക്കെട്ട് പെര്‍ഫോമന്‍സിലൂടെ സീസൺ അവസാനിപ്പിക്കാനാകും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.