ഈസ്റ്റ് ബംഗാളിനോട് നിരാശാജനകമായ തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്‌സ്!

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ ഇരുപതാം മാച്ചിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ എഫ്‌സിയോട് ഏറ്റുമുട്ടി. ആവേശകരമായ മത്സരം രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഈസ്റ്റ് ബംഗാൾ വിജയിച്ചു. ഈസ്റ്റ് ബംഗാളിനായി മഹേഷ് നവോരവും സാവുൾ ക്രെസ്‌പോയും ഇരട്ട ഗോളുകൾ നേടിയപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിനായി ഫെഡോർ സെർണിച് ഗോൾ നേടി.

മത്സരത്തിന്റെ ഇരുപത്തിമ്മൂന്നാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ലക്ഷ്യം! കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരം ഫെഡോർ സെർണിച്ച് ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് ഗോൾ പോസ്റ്റിന്റെ താഴെ ഇടത് മൂലയിലേക്ക് നൽകിയ വലം കാൽ ഷോട്ട് വലതുളച്ചു. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് സമനില ഗോൾ പിറന്നത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിഷ്ണു വളപ്പിലിനെ ഫൗൾ ചെയ്തതിനെത്തുടർന്ന് ലഭിച്ച പെനാലിറ്റി അവസരം സമയോചിതമായി സാവുൾ ക്രെസ്‌പോ വലയിലെത്തിച്ചു. മത്സരത്തിന്റെ ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ എഴുപത്തിയൊന്നാം മിനിറ്റിൽ സാവുൾ ക്രെസ്‌പോ തന്നെയാണ് ഈസ്റ്റ് ബംഗാളിനായി ലീഡ് നേടിയത്. ഈസ്റ്റ് ബംഗാൾ എഫ്‌സി മലയാളി താരം അമൻ സികെയുടെ അസിസ്റ്റിലായിരുന്നു ഗോൾ. മഹേഷ് നവോരമാണ് ഈസ്റ്റ് ബംഗാളിനായി മൂന്നാം ഗോൾ നേടിയത്. എൺപത്തിരണ്ടാം മിനിറ്റിൽ ബോക്സിന്റെ മധ്യഭാഗത്തുനിന്ന് ക്ലീറ്റൺ സിൽവയുടെ അസിസ്റ്റിൽ മഹേഷ് തൊടുത്ത വലംകാൽ ഷോട്ട് വലതുളച്ചു.

എണ്പത്തിനാലാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ എഫ്‌സി താരം ഹിജാസി സയീദിന്റെ സെൽഫ്‌ ഗോൾ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേട്ടം രണ്ടായി ഉയർത്തി. എന്നാൽ വെറും നാലു മിനിറ്റിനുള്ളിൽ എൺപത്തിയേഴാം മിനിറ്റിൽ വിക്ടർ വാസ്‌കസിന്റെ അസിസ്റ്റിൽ മഹേഷ് നവോരം വീണ്ടും ഈസ്റ്റ് ബംഗാളിനായി ലീഡ് നേടി.

ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ രണ്ടു ഗോളിന്റെ ലീഡിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാൾ വിജയിച്ചു. വിജയം ഈസ്റ്റ് ബംഗാളിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.

ഏപ്രിൽ ആറിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം!

LEAVE A REPLY

Please enter your comment!
Please enter your name here