
നീണ്ട 10 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ആദ്യ 2 മത്സരങ്ങളും ജയിച്ച് ആഴ്സണൽ തുടക്കം ഗംഭീരമാക്കി. എമിറേറ്റ്സിൽ തന്റെ തുടക്കം രണ്ട് അസിസ്റ്റുകളോടെ അവിസ്മരണീയമാക്കിയ ഡാനി സെബലോസ് ആണ് ബെർൺലിക്ക് എതിരെ ആഴ്സണലിന് 2-1 ന്റെ ജയം സമ്മാനിച്ചത്. മധ്യനിരയിൽ പരിക്കിലായ ഷാക്കക്ക് പകരമാണ് മത്സരത്തിൽ സെബലോസ് ഇറങ്ങിയത്. ഒപ്പം ഡേവിഡ് ലൂയിസിനും തന്റെ ആഴ്സണൽ അരങ്ങേറ്റത്തിന് അവസരം നൽകിയ എമറെ മിക്കിത്യാര്യനു പകരം ലകസെറ്റയെയും ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മത്സരം കളിച്ച അതേ ടീമുമായാണ് ബേർൺലി കളത്തിൽ ഇറങ്ങിയത്.
ആദ്യം തന്നെ ആക്രമിച്ച് കളിച്ച ആഴ്സണൽ തുടക്കത്തിൽ തന്നെ നിരവധി അവസരങ്ങൾ തുറന്നു. ഇതിന്റെ ഫലമായിരുന്നു സെബലോസിന്റെ കോർണറിൽ നിന്ന് 13 മിനിറ്റിൽ ലകസെറ്റ നേടിയ ഗോൾ. ദുഷ്കരമായ ഇടത്തിൽ നിന്ന് മികച്ച ഫിനിഷിലൂടെ നിക്ക് പോപ്പിനെ മറികടന്ന ലകസെറ്റ ആഴ്സണലിന് ലീഡ് സമ്മാനിച്ചു. എന്നാൽ മത്സരത്തിൽ ഉടനീളം ലോങ് ബോളുകൾ കളിച്ച ബേർൺലി ആഴ്സണൽ പ്രതിരോധത്തെ വെല്ലുവിളിച്ചു. ലൂയിസിനും സോക്രട്ടീസിനും വലിയ ബുദ്ധിമുട്ട് ആണ് ബേർൺലി മുന്നേറ്റക്കാരായ ബാർൺസും വുഡും മത്സരത്തിൽ ഉടനീളം നൽകിയത്.
ഇതിനുള്ള ഫലമായിരുന്നു ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ബാർൺസ് നേടിയ ഗോൾ. രണ്ടാമത്തെ മാത്രം മത്സരത്തിൽ ലീഗിലെ മൂന്നാം ഗോൾ ആയിരുന്നു ബാർൺസിന് ഇത്. തൊട്ട് പിറകെ തന്നെ നെൽസൺ ആഴ്സണലിനായി വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാൽ രണ്ടാം പകുതിയിൽ നെൽസനു പകരം പുതിയ താരം നിക്കോളാസ് പെപപ്പയെ കൊണ്ട് വന്ന എമറെ നയം വ്യക്തമാക്കി. പിന്നീട് നിരവധി അവസരങ്ങൾ ആണ് ആഴ്സണൽ തുറന്നത്.
രണ്ടാം പകുതിയിലും തന്റെ മിന്നും ഫോം തുടർന്ന സെബലോസ് ബേർൺലി താരത്തിൽ നിന്ന് തട്ടിയെടുത്ത പന്ത് കൈക്കലാക്കി ലക്ഷ്യത്തിലേക്ക് തൊടുത്ത ഒബമയാങ് ആഴ്സണലിന് 64 മിനിറ്റിൽ വീണ്ടും ലീഡ് സമ്മാനിച്ചു. ബേർൺലിക്കെതിരെ നാലാമത്തെ മത്സരം കളിക്കുന്ന ഒബമയാങ് അവർക്കെതിരെ നേടുന്ന 7 മത്തെ ഗോൾ ആയിരുന്നു ഇത്.
ഇടക്ക് പെപ്പ തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാണിച്ചതും ആരാധകരെ ത്രസിപ്പിച്ചു. തുടർന്നും നിരവധി തവണ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ച ആഴ്സണലിനെ ഗോൾ മുന്നിൽ തടഞ്ഞ നിക്ക് പോപ്പ് ബേർൺലി തോൽവി 2-1 ൽ തന്നെ നിലനിർത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗോൾ നേടാൻ ബേർൺലി പരിശ്രമിച്ചെങ്കിലും ലെനോയോ ആഴ്സണൽ പ്രതിരോധമോ കുലുങ്ങിയില്ല. ഒടുവിൽ ലീഗിൽ ആഴ്സണലിന് എതിരെ ബേർൺലിയുടെ 11 മത്തെ തോൽവി. ജയത്തോടെ വരാനിരിക്കുന്ന ലിവർപൂൾ, ടോട്ടനം ടീമുകൾക്ക് എതിരായ വമ്പൻ പോരാട്ടങ്ങൾക്ക് മുന്നോടിയായുള്ള മികച്ച ഒരുക്കമായി എമറെയുടെ ടീമിന് ആദ്യ രണ്ട് മത്സരങ്ങളും.